Showing posts with label പലവക. Show all posts

രാവണന്റെ തലകള്‍

പരീക്ഷത്തലേന്ന് പാഠപുസ്തകത്തിലെ ഒട്ടിപ്പിടിച്ച പേജുകള്‍ വേര്‍പ്പെടുത്തുമ്പോഴോ രാവിലെ റ്റോയ്‌ലെറ്റില്‍ സമാധാനം ആസ്വദിച്ച് കുത്തിയിരിക്കുമ്പോഴോ ഒരിക്കല്‍ എന്റെ മനസ്സില്‍ കടന്നുവന്ന ഒരു ചോദ്യം :  രാവണന്റെ തലകളുടെ അലൈന്മെന്റ് എങ്ങനെയായിരിക്കും? BC 4ആം നൂറ്റാണ്ടുമുതല്‍ ഇങ്ങോട്ട് രാക്ഷസ രാജാവിനെ ചിത്രീകരിക്കാന്‍ ശ്രമിച്ച സകല ചിത്രകാരന്മാരെയും ശില്പികളെയും അലട്ടിയ മഹാസമസ്യക്ക് ഉത്തരം കാണാനുള്ള എന്റെ എളിയ ശ്രമമാണ് ഈ പോസ്റ്റ്. (പത്തു തലകള്‍ക്കുള്ള സകല വ്യാഖ്യാനങ്ങളും അവക്കു പിന്നിലുള്ള കഥകളും അങ്ങു മറന്നേര്).


  1. ഹൊറിസോണ്ടെല്‍ ലീനിയര്‍ അലൈന്മെന്റ്

    ചിത്രകഥയായാലും നാടകമോ സീരിയലോ ആയാലും സാധാരണയായി രാവണന്റെ തലകള്‍ക്ക് ലീനിയര്‍ അലൈന്മെന്റ് ആണ് ഉപയോഗിക്കാറ്. കഴുത്തിനു നേരെ മുകളിലുള്ള തലയുടെ ഒരു വശത്തു അഞ്ചെണ്ണവും മറു വശത്ത് നാലെണ്ണവും  പക്ഷെ, അവിടെയൊരു സിമ്മെട്രിയുടെ പ്രശ്നമുണ്ട്. ഒരു ഭാഗത്ത് ഒരു തലയുടെ ഭാരം അധികം വരുന്നതു കൊണ്ട് അദ്ദേഹത്തിനു കഴുത്തുവേദനവരാന്‍ സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല മോഹന്‍ലാലിന്റേതു പോലെ ശരീരത്തിന് ഒരു വൃത്തികെട്ട ചെരിവും ഉണ്ടായെന്നു വരാം. 
  2. വെര്‍ട്ടിക്കല്‍ ലീനിയര്‍ അലൈന്മെന്റ്

    തലയായാലും ചട്ടിവെക്കുന്നതുപോലെ പത്തെണ്ണം കുത്തനെവെക്കാം എന്ന ചിന്ത എന്തു കൊണ്ട് കലാകാരന്മാരുടെ മനസ്സില്‍ കടന്നുവന്നില്ല? പക്ഷെ രാവണന് കുനിയേണ്ടിവന്നാല്‍....?
  3. ഹൊറിസോണ്ടല്‍ അലൈന്മെന്റ് (5 എണ്ണം മുന്പോട്ടും 5 എണ്ണം പിന്‍പോട്ടും)

    ഈ അലൈന്മെന്റു കൊണ്ടുള്ള ഗുണം എന്താണെന്നുവെച്ചാല്‍, രാവണന് പിന്നില്‍ നടക്കുന്നതും കാണാം. മന്ത്രിമാര്‍ പുറകില്‍ നിന്ന് തന്നെ പറ്റി പിറുപിറുക്കുന്നുണ്ടോ എന്നു ചെക്ക് ചെയ്യാമെന്നതു മുതല്‍ ഉപകാരങ്ങള്‍ അനവധിയാണ്. മുകളില്‍ പറഞ്ഞ രൂപങ്ങളെക്കാളും ഒതുങ്ങി നില്‍ക്കും എന്നതു കൊണ്ട്, കൊട്ടാരത്തിലെ വാതിലുകള്‍ക്ക് അനാവശ്യ വലിപ്പവും ആവശ്യമില്ല.
  4. ഹൊറിസോണ്ടല്‍ സര്‍ക്കുലാര്‍/ വെര്‍ട്ടിക്കല്‍ സര്‍ക്കുലാര്‍ അലൈന്മെന്റ്

    സിമ്മെട്രിയുടെ പ്രശ്നം പരിഹരിക്കാന്‍ ഇതു മതി. തലകള്‍ വട്ടത്തില്‍ ഒട്ടിച്ചു വച്ച് കഴുത്തിന് മേലെ ഫിറ്റു ചെയ്യാം.
    പക്ഷേ, രാവണന്‍ കിടന്നുറങ്ങുന്നതെങ്ങനെ?
  5. ഹൊറിസോണ്ടല്‍/വെര്‍ട്ടിക്കല്‍ പോളിഗണല്‍ അലൈന്മെന്റ്

    സംഗതി മുകളില്‍ പറഞ്ഞതു തന്നെ, വൃത്തത്തിനു പകരം പല തരം ബഹുഭുജങ്ങള്‍ ഉപയോഗിക്കാം.
  6. സ്ഫെറിക്കല്‍ അലൈന്മെന്റ്

    ഞാന്‍ ആലോചിച്ചിട്ട്, ഇതിലും മികച്ച ഒന്ന് കിട്ടാനില്ല. ഇത്തരത്തില്‍ തലകള്‍ ഫിറ്റു ചെയ്യുകയാണെങ്കില്‍ മുന്നിലും പിന്നിലും മുകളിലും താഴെയുമായി ചുറ്റു വട്ടത്തു നടക്കുന്നതെല്ലാം രാവണനു കാണാം. തലകളെല്ലാം മുഖം പുറത്തേക്കു വരുന്ന രൂപത്തില്‍ ഗോളാകൃതിയിലാണ് ഈ അലൈന്മെന്റ്. മിനിമം സ്പേസ് മാക്സിമം എഫിഷ്യന്‍സി! ഞാനൊരു രാമായണം സിനിമയെടുക്കുകയാണെങ്കില്‍ രാവണന്റെ തലകള്‍ ഇങ്ങനെയായിരിക്കും! ഈ അലൈന്മെന്റ് ഉപയോഗിച്ചിരുന്നെങ്കില്‍ രാവണന് തലയില്‍ കാക്ക അപ്പിയിട്ട സംഭവങ്ങള്‍ അതിവിദഗ്ദമായി ഒഴിവാക്കാമായിരുന്നു (കാക്ക മുകളിലുണ്ടെങ്കില്‍ കാണാമല്ലോ).

    പക്ഷേ, ഒരു പ്രശ്നം ഇനിയും ബാക്കി : രാവണന്‍ എങ്ങനെ കിരീടം ധരിക്കും?

ഒരു പരാദത്തിന്റെ പരാജയം

എത്ര വൈകുന്നേരങ്ങള്‍ കോഴിക്കോട് കടപ്പുറത്തു ചിലവഴിച്ചിട്ടും സൂര്യന്‍  അസ്തമിക്കുന്ന കാഴ്ച്ച ഇതുവരെ ഞാന്‍ നേരിട്ടു കണ്ടിട്ടില്ല. ഒരിടത്തേക്കു തന്നെ നോക്കിയിരിക്കാനുള്ള ക്ഷമയില്ലാതെ പോയി.

ചെറുപ്പത്തില്‍ തറവാട്ടുമുറ്റത്ത് ചെമ്പരത്തി വിരിയുന്നത് നോക്കിയിരുന്നത് ഓര്‍മയുണ്ട്. അക്ഷമ കൊണ്ട് ആ ഉദ്യമവും വിജയിച്ചില്ല.

പക്ഷെ, ദൈവം വിശാലമനസ്കനാണ്. അതുകൊണ്ടവന്‍ ഇത്തിക്കണ്ണിയെ സൃഷ്ടിച്ചു.

കുറ്റ്യാടിവരെ ഉമ്മയോടൊപ്പം നടുവൊടിഞ്ഞ് നടത്തിയ സ്കൂട്ടര്‍ യാത്ര മുതലാവാന്‍ എന്റെ കയ്യില്‍ കിടന്ന് എനിക്കു തോന്നുമ്പൊ വിരിയുന്ന പൂ എന്ന കൌതുകമുള്ള കാഴ്ച തന്നെ മതിയായിരുന്നു.







ഇത്രയും പറഞ്ഞിട്ടും ഒന്നും പിടികിട്ടാത്തവര്‍ക്കുവേണ്ടി:

ഇത്തിക്കണ്ണി പടര്‍ന്നുകയറി ക്ഷീണം ബാധിച്ച ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ പോയി വീഡിയോയുടെ അവസാനം കണ്ടപോലുള്ള പൂക്കള്‍ വീണു കിടക്കുന്നിടം കണ്ടുപിടിക്കുക. കൂട്ടത്തില്‍ വിരിയാതെ കിടക്കുന്ന ഏതെങ്കിലും മൊട്ടെടുത്ത് (ഈ മൊട്ടു കണ്ടാല്‍ ടൂത്ത്പിക്ക് പോലിരിക്കും) അതിന്റെ ഞെട്ടിന്മേല്‍ മെല്ലെ അമര്‍ത്തുക........... അങ്ങനെ മെല്ലെ അമര്‍ത്തിയാലൊന്നും ഒന്നും സംഭവിക്കാന്‍ പോണില്ല. പൂവാണ്, മൊട്ടാണ് എന്നൊക്കെയുള്ള ഫീലിങ്സ് മാറ്റി വെച്ചു ഞെട്ടിന്മേല്‍ നന്നായൊന്ന് ഞെക്കുക്ക. ഡണ്ടടേം.... മൊട്ടു പൂവായി...

PS: ഗ്രാ‍മത്തില്‍ ജനിച്ച് വളര്‍ന്നവര്‍ക്കു ഇതു വായിച്ചിട്ട് ഒരു കൌതുകവും തോന്നുണ്ടാവില്ല, അവരിങ്ങനെ എന്തൊക്കെ കണ്ടിരിക്കുന്നു! തല്‍ക്കാലം, 24 മണിക്കൂറും പുക (പകല്‍ വാഹനങ്ങളുടേതും രാത്രി കൊതുകുതിരിയുടേതും) ശ്വസിച്ചു ജീവിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് വേണ്ടി ഒരു മിനിറ്റ് മൌനപ്രാര്‍ത്ഥന നടത്തിയശേഷം വായന അവസാനിപ്പിച്ചോളൂ.

നാട കെട്ടി ഉദ്ഘാടനം

ഞാന്‍ ജസീം. ഷൂലേസ് എന്ന പേരില്‍ എന്റെ ബ്ലോഗ് ഇവിടെ പിറവികൊള്ളുന്നു. ബ്ലോഗിങ്ങില്‍ കമ്പമുണ്ടായിരുന്നെങ്കിലും മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാനുള്ള ബുദ്ധി എന്തുകൊണ്ടോ ഇതു വരെ ഉണ്ടാവാതെപോയി. കഴിഞ്ഞ ആഴ്ച്ച എന്റെ യൂസര്‍-ഹോസ്റ്റഡ് ബ്ലോഗിന്റെ മരണത്തെക്കുറിച്ചോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ബോധോദയമുണ്ടായത് (അതിനിടക്ക് എനിക്കു ബ്ലോഗുണ്ടാകാന്‍ വേണ്ടി രണ്ടു വര്‍ഷത്തെ വരിസംഖ്യ ചെലവാക്കിയ സ്പോണ്‍സര്‍ക്ക് നന്ദി രേഖപ്പെടുത്തട്ടെ.) :

"ആംഗ്ലേയ ഭാഷ കൊണ്ട് അമ്മാനമാടുന്ന പുള്ളികളില്‍ തന്നെ പലര്‍ക്കും മനസ്സുതുറന്നൊന്ന് ചിരിക്കാന്‍ നേരം മലയാളം വേണം. ഓരോ ശ്വാസത്തിലും തമാശിക്കാനുള്ള വകയുണ്ടോന്ന് നോക്കുന്ന എന്നെ പോലൊരുത്തന് ഒരു ചളി പോലും ഭംഗിയായി അടിക്കാന്‍ കഴിയാത്തിടത്തോളം ഇംഗ്ലീഷ് വെറും വേസ്റ്റ്."

ഇവ്വിധ ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരിക്കെ, ഗര്‍ഭത്തിലിരുന്ന കുഞ്ഞിന് ആണോ പെണ്ണോ എന്നു നോക്കാതെ ഷൂലേസ് എന്നു ഞാന്‍ പേരിട്ടു.

പേരിനു പിന്നില്‍

ഇതുവരെ ഷൂ ധരിച്ച് ഞങ്ങളാരും കണ്ടിട്ടില്ലാത്ത ജസീമെ, നിനെക്കെന്തെ ഇങ്ങനൊരു പേരിടാന്‍ തോന്നി എന്ന് ചോദിക്കുന്ന പ്രിയസുഹൃത്തുക്കള്‍ക്കു നല്‍കാന്‍ കാര്യമായ ഉത്തരങ്ങളൊന്നുമില്ല. ഇനി ഒരു വ്യഖ്യാനം അത്യാവശ്യമായി വന്നാല്‍ തന്നെ, അപ്പോള്‍ പ്രയോഗിക്കാനുള്ള ക്രിയേറ്റിവിറ്റി  കൈയ്യിലുണ്ടെന്നാണെന്റെ വിശ്വാസം.

പിന്നെ, പേരിന്റെ കാര്യത്തില്‍ ഇങ്ങനൊരു കഷ്ണം നൂലില്‍ പിടിച്ചു തൂങ്ങണമെന്ന വാശിയൊന്നും എനിക്കില്ല. നിര്‍ദേശങ്ങള്‍ ഇനിയും സ്വീകരിക്കുന്നതാണ്. മികച്ച നിര്‍ദേശത്തിന്  കൈയടി പാര്‍സലായി അയച്ചുതരുന്നതുമാണ്.

ഏതായാലും, ഒരു കോളേജ് പയ്യന്റെ കോപ്പിരാട്ടികളല്ലാതെ ഉപകാരമുള്ളതൊന്നും ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല.