രാവണന്റെ തലകള്‍

പരീക്ഷത്തലേന്ന് പാഠപുസ്തകത്തിലെ ഒട്ടിപ്പിടിച്ച പേജുകള്‍ വേര്‍പ്പെടുത്തുമ്പോഴോ രാവിലെ റ്റോയ്‌ലെറ്റില്‍ സമാധാനം ആസ്വദിച്ച് കുത്തിയിരിക്കുമ്പോഴോ ഒരിക്കല്‍ എന്റെ മനസ്സില്‍ കടന്നുവന്ന ഒരു ചോദ്യം :  രാവണന്റെ തലകളുടെ അലൈന്മെന്റ് എങ്ങനെയായിരിക്കും? BC 4ആം നൂറ്റാണ്ടുമുതല്‍ ഇങ്ങോട്ട് രാക്ഷസ രാജാവിനെ ചിത്രീകരിക്കാന്‍ ശ്രമിച്ച സകല ചിത്രകാരന്മാരെയും ശില്പികളെയും അലട്ടിയ മഹാസമസ്യക്ക് ഉത്തരം കാണാനുള്ള എന്റെ എളിയ ശ്രമമാണ് ഈ പോസ്റ്റ്. (പത്തു തലകള്‍ക്കുള്ള സകല വ്യാഖ്യാനങ്ങളും അവക്കു പിന്നിലുള്ള കഥകളും അങ്ങു മറന്നേര്).


  1. ഹൊറിസോണ്ടെല്‍ ലീനിയര്‍ അലൈന്മെന്റ്

    ചിത്രകഥയായാലും നാടകമോ സീരിയലോ ആയാലും സാധാരണയായി രാവണന്റെ തലകള്‍ക്ക് ലീനിയര്‍ അലൈന്മെന്റ് ആണ് ഉപയോഗിക്കാറ്. കഴുത്തിനു നേരെ മുകളിലുള്ള തലയുടെ ഒരു വശത്തു അഞ്ചെണ്ണവും മറു വശത്ത് നാലെണ്ണവും  പക്ഷെ, അവിടെയൊരു സിമ്മെട്രിയുടെ പ്രശ്നമുണ്ട്. ഒരു ഭാഗത്ത് ഒരു തലയുടെ ഭാരം അധികം വരുന്നതു കൊണ്ട് അദ്ദേഹത്തിനു കഴുത്തുവേദനവരാന്‍ സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല മോഹന്‍ലാലിന്റേതു പോലെ ശരീരത്തിന് ഒരു വൃത്തികെട്ട ചെരിവും ഉണ്ടായെന്നു വരാം. 
  2. വെര്‍ട്ടിക്കല്‍ ലീനിയര്‍ അലൈന്മെന്റ്

    തലയായാലും ചട്ടിവെക്കുന്നതുപോലെ പത്തെണ്ണം കുത്തനെവെക്കാം എന്ന ചിന്ത എന്തു കൊണ്ട് കലാകാരന്മാരുടെ മനസ്സില്‍ കടന്നുവന്നില്ല? പക്ഷെ രാവണന് കുനിയേണ്ടിവന്നാല്‍....?
  3. ഹൊറിസോണ്ടല്‍ അലൈന്മെന്റ് (5 എണ്ണം മുന്പോട്ടും 5 എണ്ണം പിന്‍പോട്ടും)

    ഈ അലൈന്മെന്റു കൊണ്ടുള്ള ഗുണം എന്താണെന്നുവെച്ചാല്‍, രാവണന് പിന്നില്‍ നടക്കുന്നതും കാണാം. മന്ത്രിമാര്‍ പുറകില്‍ നിന്ന് തന്നെ പറ്റി പിറുപിറുക്കുന്നുണ്ടോ എന്നു ചെക്ക് ചെയ്യാമെന്നതു മുതല്‍ ഉപകാരങ്ങള്‍ അനവധിയാണ്. മുകളില്‍ പറഞ്ഞ രൂപങ്ങളെക്കാളും ഒതുങ്ങി നില്‍ക്കും എന്നതു കൊണ്ട്, കൊട്ടാരത്തിലെ വാതിലുകള്‍ക്ക് അനാവശ്യ വലിപ്പവും ആവശ്യമില്ല.
  4. ഹൊറിസോണ്ടല്‍ സര്‍ക്കുലാര്‍/ വെര്‍ട്ടിക്കല്‍ സര്‍ക്കുലാര്‍ അലൈന്മെന്റ്

    സിമ്മെട്രിയുടെ പ്രശ്നം പരിഹരിക്കാന്‍ ഇതു മതി. തലകള്‍ വട്ടത്തില്‍ ഒട്ടിച്ചു വച്ച് കഴുത്തിന് മേലെ ഫിറ്റു ചെയ്യാം.
    പക്ഷേ, രാവണന്‍ കിടന്നുറങ്ങുന്നതെങ്ങനെ?
  5. ഹൊറിസോണ്ടല്‍/വെര്‍ട്ടിക്കല്‍ പോളിഗണല്‍ അലൈന്മെന്റ്

    സംഗതി മുകളില്‍ പറഞ്ഞതു തന്നെ, വൃത്തത്തിനു പകരം പല തരം ബഹുഭുജങ്ങള്‍ ഉപയോഗിക്കാം.
  6. സ്ഫെറിക്കല്‍ അലൈന്മെന്റ്

    ഞാന്‍ ആലോചിച്ചിട്ട്, ഇതിലും മികച്ച ഒന്ന് കിട്ടാനില്ല. ഇത്തരത്തില്‍ തലകള്‍ ഫിറ്റു ചെയ്യുകയാണെങ്കില്‍ മുന്നിലും പിന്നിലും മുകളിലും താഴെയുമായി ചുറ്റു വട്ടത്തു നടക്കുന്നതെല്ലാം രാവണനു കാണാം. തലകളെല്ലാം മുഖം പുറത്തേക്കു വരുന്ന രൂപത്തില്‍ ഗോളാകൃതിയിലാണ് ഈ അലൈന്മെന്റ്. മിനിമം സ്പേസ് മാക്സിമം എഫിഷ്യന്‍സി! ഞാനൊരു രാമായണം സിനിമയെടുക്കുകയാണെങ്കില്‍ രാവണന്റെ തലകള്‍ ഇങ്ങനെയായിരിക്കും! ഈ അലൈന്മെന്റ് ഉപയോഗിച്ചിരുന്നെങ്കില്‍ രാവണന് തലയില്‍ കാക്ക അപ്പിയിട്ട സംഭവങ്ങള്‍ അതിവിദഗ്ദമായി ഒഴിവാക്കാമായിരുന്നു (കാക്ക മുകളിലുണ്ടെങ്കില്‍ കാണാമല്ലോ).

    പക്ഷേ, ഒരു പ്രശ്നം ഇനിയും ബാക്കി : രാവണന്‍ എങ്ങനെ കിരീടം ധരിക്കും?

4 comments:

  1. ചവറെഴുതി വിടുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ

    ReplyDelete
  2. അഞ്ചുതല മുന്നോട്ടു നോക്കുന്നതും അഞ്ചുതല പുറകോട്ട്‌ നോക്കുന്നതും ആയ അറേഞ്ച്മെന്റിന്‌ ഒരു ചെറിയ വലിയ പ്രശ്നമുണ്ട്‌. രണ്ടറ്റത്തേതുമല്ലാത്ത തലകൾ ഒഴിച്ച്‌ മറ്റേതെല്ലാം തൊട്ടുമുൻപിലുള്ള തലയുടെ പിൻഭാഗമേ കാണൂ. തൊട്ടുമുൻപുള്ള തലയിൽ തേച്ച കാച്ചിയ എണ്ണയുടെ മണവും ഇടയ്ക്കിടെ ആ തലയിലെ മുടി വായിലോ മൂക്കിലോ കയറി നാശകോടാലിയാകുന്നതും, ഒക്കെ ആകെ പ്രശ്നം.

    എനിക്ക്‌ തോന്നുന്നത്‌ ആദ്യത്തേത്‌ തന്നെയാണ്‌ നല്ലതെന്നാണ്‌. സിമ്മട്രി ഒരു പ്രശ്നമേയല്ല. നടുക്ക്‌ ഒരു തലയുണ്ടെങ്കിലല്ലേ പ്രശ്നം വരുന്നുള്ളു. നടുക്ക്‌ ഒന്നല്ല, രണ്ട്‌ തലകൾ, സൈഡിൽ മറ്റു തലകളും, നാലെണ്ണം വീതം. അപ്പോൾ സെറ്റായോ?
    ഈ തലകൾക്കെല്ലാം കൂടി ഒരു സ്റ്റെം ആയിരിക്കും കഴുത്ത്‌ എന്നും കരുതാം, അല്ലാതെ ഓരോ തലയുടെ സൈഡിലും ആയി ഒട്ടിച്ചുവെച്ച നിലയ്ക്കാണെങ്കിൽ അവയിലൂടെ കഴിക്കുന്ന ആഹാരം മുഴുവൻ നിലത്തുവീണുപോകും!!!

    Can you remove word verification?

    ReplyDelete
  3. ഇങ്ങടെ ശമിശയം തീര്‍ക്കാന്‍ ദാ ഇവിടെ വരെ ഒന്നു പോയാല്‍ മതി

    ഇബിടെ ദേ അമ്മ നഗ്നയല്ല്

    ReplyDelete
  4. കമ്മന്റ് ചെയ്ത അപ്പൂട്ടനും അനോണിച്ചേട്ടനും നന്ദി. ചിത്രകാരന്‍ ബൂലോകത്തെ വായനകാരുടെ ഭാവനയെ underestimate ചെയ്തതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കട്ടെ.

    പിന്നെ അഞ്ചും അഞ്ചുമായി തലകള്‍ വിഭജിച്ചതില്‍ എനിക്കൊരു തെറ്റു പറ്റി. ഞാന്‍ ഉദ്ദേശിച്ചത്, രണ്ടു നിരയായി ഒരു നിര മുന്നോട്ടും, മറ്റേ നിര ബേക്കോട്ടും നോക്കുന്ന രീതിയായിരുന്നു.

    ReplyDelete