നാട കെട്ടി ഉദ്ഘാടനം

ഞാന്‍ ജസീം. ഷൂലേസ് എന്ന പേരില്‍ എന്റെ ബ്ലോഗ് ഇവിടെ പിറവികൊള്ളുന്നു. ബ്ലോഗിങ്ങില്‍ കമ്പമുണ്ടായിരുന്നെങ്കിലും മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാനുള്ള ബുദ്ധി എന്തുകൊണ്ടോ ഇതു വരെ ഉണ്ടാവാതെപോയി. കഴിഞ്ഞ ആഴ്ച്ച എന്റെ യൂസര്‍-ഹോസ്റ്റഡ് ബ്ലോഗിന്റെ മരണത്തെക്കുറിച്ചോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ബോധോദയമുണ്ടായത് (അതിനിടക്ക് എനിക്കു ബ്ലോഗുണ്ടാകാന്‍ വേണ്ടി രണ്ടു വര്‍ഷത്തെ വരിസംഖ്യ ചെലവാക്കിയ സ്പോണ്‍സര്‍ക്ക് നന്ദി രേഖപ്പെടുത്തട്ടെ.) :

"ആംഗ്ലേയ ഭാഷ കൊണ്ട് അമ്മാനമാടുന്ന പുള്ളികളില്‍ തന്നെ പലര്‍ക്കും മനസ്സുതുറന്നൊന്ന് ചിരിക്കാന്‍ നേരം മലയാളം വേണം. ഓരോ ശ്വാസത്തിലും തമാശിക്കാനുള്ള വകയുണ്ടോന്ന് നോക്കുന്ന എന്നെ പോലൊരുത്തന് ഒരു ചളി പോലും ഭംഗിയായി അടിക്കാന്‍ കഴിയാത്തിടത്തോളം ഇംഗ്ലീഷ് വെറും വേസ്റ്റ്."

ഇവ്വിധ ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരിക്കെ, ഗര്‍ഭത്തിലിരുന്ന കുഞ്ഞിന് ആണോ പെണ്ണോ എന്നു നോക്കാതെ ഷൂലേസ് എന്നു ഞാന്‍ പേരിട്ടു.

പേരിനു പിന്നില്‍

ഇതുവരെ ഷൂ ധരിച്ച് ഞങ്ങളാരും കണ്ടിട്ടില്ലാത്ത ജസീമെ, നിനെക്കെന്തെ ഇങ്ങനൊരു പേരിടാന്‍ തോന്നി എന്ന് ചോദിക്കുന്ന പ്രിയസുഹൃത്തുക്കള്‍ക്കു നല്‍കാന്‍ കാര്യമായ ഉത്തരങ്ങളൊന്നുമില്ല. ഇനി ഒരു വ്യഖ്യാനം അത്യാവശ്യമായി വന്നാല്‍ തന്നെ, അപ്പോള്‍ പ്രയോഗിക്കാനുള്ള ക്രിയേറ്റിവിറ്റി  കൈയ്യിലുണ്ടെന്നാണെന്റെ വിശ്വാസം.

പിന്നെ, പേരിന്റെ കാര്യത്തില്‍ ഇങ്ങനൊരു കഷ്ണം നൂലില്‍ പിടിച്ചു തൂങ്ങണമെന്ന വാശിയൊന്നും എനിക്കില്ല. നിര്‍ദേശങ്ങള്‍ ഇനിയും സ്വീകരിക്കുന്നതാണ്. മികച്ച നിര്‍ദേശത്തിന്  കൈയടി പാര്‍സലായി അയച്ചുതരുന്നതുമാണ്.

ഏതായാലും, ഒരു കോളേജ് പയ്യന്റെ കോപ്പിരാട്ടികളല്ലാതെ ഉപകാരമുള്ളതൊന്നും ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല.

0 comments: