ഈച്ചകള്‍ കാണാത്ത തേന്‍കിണ്ണം
മനുഷ്യന്‍ അനുഭവങ്ങളില്‍ നിന്നാണ് പാഠങ്ങള്‍ പഠിക്കുന്നത്. മനുഷ്യനോളം സൌന്ദര്യം കശ്മീരിനോ അവനോളം വൈരൂപ്യം ഞെളിയന്‍ പറമ്പിനോ ഇല്ല എന്ന് എന്നെ പഠിപ്പിച്ച ഒരു യാത്രയെക്കുറിച്ചു പറയാം.തേനി. ആ പേരിനു തന്നെ മധുരമുണ്ട്. കാര്‍ഷിക സമൃദ്ധിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന, വിനോദസഞ്ചാരമേഘലയില്‍ അര്‍ഹിക്കുന്ന പുരോഗതി കൈവരിച്ചിട്ടില്ലാത്ത പ്രകൃതി സുന്ദരമായ ആ പ്രദേശത്തേക്ക് ഞങ്ങള്‍ മൂന്നു കുടുംബങ്ങള്‍ യാത്രതിരിച്ചു. എറണാകുളത്തു നിന്ന് ഇടുക്കി വഴി തമിഴ്നാട്ടിലെത്തി. പര്‍വതങ്ങള്‍ അതിരുകാക്കുന്ന തരിശുപ്രദേശത്തിനു നടുവിലൂടെ പുളിമരങ്ങളുടെ സംരക്ഷണത്തില്‍ നീണ്ടു പരന്നു കിടന്ന റോഡ് ഞങ്ങളെ തേനിയിലെത്തിച്ചു.
അവിടെ കണ്ട ഉണക്കം പിടിച്ച ലോഡ്‌ജുകളിലൊന്നില്‍ ലഗേജുകള്‍ നിക്ഷേപിച്ച് ഹോട്ടലില്‍ നിന്ന് വയറുനിറച്ച ശേഷം സവാരി ആരംഭിച്ചു. വണ്ടി സ്റ്റാര്‍ട്ടു ചെയ്ത് മിനിറ്റുകള്‍ക്കകം പട്ടണത്തിന്റെ ബഹളങ്ങള്‍ ഞങ്ങളോട് റ്റാറ്റ പറഞ്ഞു.
വിനോദസഞ്ചാരികള്‍ ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത ഗ്രാമീണസൌന്ദര്യത്തെ തൊട്ടശുദ്ധമാക്കിക്കൊണ്ടും കഴുതവണ്ടികളോട് മത്സരിച്ചുകൊണ്ടും ഞങ്ങളുടെ വാന്‍ പോയിക്കൊണ്ടിരുന്നു. ഇടയ്ക്ക്, വാഹനത്തിനകത്തെ അവസ്ഥയെക്കുറിച്ച് പറയട്ടെ. ഏഴ് കുട്ടികളും ആറ് മുതിര്‍ന്നവരും ഡ്രൈവറുമാണ് യാത്രികര്‍. മക്കളെ ശകാരിച്ചും ഭര്‍ത്താക്കന്മാരെ ഉപദേശിച്ചും സമയം ചിലവഴിക്കുന്ന മഹിളാരത്നങ്ങളൊഴിച്ച് മറ്റെല്ലാവരും വലിയ ഉത്സാഹത്തിലാണ്. തിരക്കു പിടിച്ച ജീവിതത്തിനിടയ്ക്ക് ഇങ്ങനെയൊരിടവേള കുടംബനാഥന്മാര്‍ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.
വാനിനു പുറത്ത് പതിയെ മുനുഷ്യജീവിതം അപ്രത്യക്ഷമായി. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ടുളിപ് പാടങ്ങള്‍ സിനിമകളില്‍ കണ്ടത് കമ്പ്യൂട്ടര്‍ ഇഫക്റ്റായി പുഛിച്ചു തള്ളിയ എന്നെ ചക്രവാളം തൊട്ടുകിടന്ന തിനവയലുകള്‍ മണ്ടനെന്നു വിളിച്ചു. മൈലുകളോളം വളവുകളില്ലാതെ കിടന്ന റോഡില്‍ വണ്ടി പോയിട്ടൊരു ടയറിന്റെ പൊടി പോലും കാണാനുണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളില്‍ റോഡ് ഗതാഗതാവശ്യത്തിനല്ല ഉപയോഗിക്കാറ് എന്നു റോഡിനു നടുവില്‍ കൂട്ടിയിട്ട വിളവിന് കാവല്‍ നില്‍ക്കുന്ന സഹോദരിയുടെ ഭാവത്തില്‍ നിന്ന് മനസ്സിലായി. വിളവെടുക്കല്‍ പരിപാടിയുടെ വിവിധ ഘട്ടങ്ങള്‍ക്ക് നാട്ടുകാര്‍ റോഡിനെ ആശ്രയിക്കുന്നു.
വലിയ ബുദ്ധിസാമര്‍ത്ഥ്യമൊന്നുമില്ലെങ്കിലും അന്നാട്ടുകാര്‍ സ്നേഹമുള്ളവരാണ്. വിലയ്ക്കു കൊടുക്കുവാന്‍ മുതലാളിയോടു ചോദിക്കണം എന്ന പ്രശ്നം അതിവിദഗ്ദമായി പരിഹരിച്ചു കൊണ്ടു അവര്‍ കാശൊന്നും വാങ്ങാതെ രണ്ടു കിലോ തിന പൊതിഞ്ഞു കെട്ടി തന്നു.
പല നിറത്തിലുള്ള വെല്‍വെറ്റു തുണികള്‍ വിരിച്ചിട്ട പോലെ കിടന്ന വയലുകള്‍ കണ്ടു കൊണ്ട് രണ്ടു മണിക്കൂര്‍ സഞ്ചരിച്ച ശേഷം വിരലിലെണ്ണാവുന്ന വാഹനങ്ങളും ഇരുവശത്തും മുന്തിരിവയലുകളുമുള്ള നിരത്തില്‍ ഞങ്ങളെത്തി. കേരളത്തിലെ തൊഴിലാളികളുടെ കൂലിയെ പേടിച്ച കൃഷിക്കായി തമിഴ്നാട്ടിലെത്തിയ മലയാളികളായ പണക്കാരാണ് ഇവിടുത്തെ തോട്ടങ്ങളില്‍ പലതിന്റെയും ഉടമസ്ഥര്‍.ബാംഗ്ലൂര്‍ നഗരത്തില്‍ സ്ഥിരമായി കാണാറുള്ള, ലൂണയില്‍ ചെത്തുന്ന ചെറുപ്പക്കാര്‍ എന്ന കൌതുകമുള്ള കാഴ്ച ഇവിടെയും കാണാനായി.
ഇടക്കൊരു പൈപ്പിനടുത്ത് വണ്ടി നിറുത്തി മുഖം കഴുകുമ്പോള്‍ ഓസിന് മുന്തിരി കിട്ടുമോ എന്ന് നോക്കിയാലെന്താ എന്നൊരു ചിന്ത... രജനീകാന്തിന്റെ സെറ്റിലേക്കാണ് ഞങ്ങള്‍ പോകുന്നെതെന്ന നുണ വിശ്വസിച്ച നിഷ്കളങ്കയായ കാവല്‍ക്കാരി കീടനാശിനിയില്‍ മുങ്ങിക്കുളിച്ച ഒരു കുല മുന്തിരി ഞങ്ങള്‍ക്കു പറിച്ചുതന്നു. സ്റ്റൈല്‍മന്നനുവേണ്ടി ഹൃദയം വരെ പറിച്ചുനല്‍കാന്‍ അവര്‍ തയ്യാറാണെന്നു തോന്നി. രജനീകാന്ത് നേരിട്ടവതരിച്ചാല്‍ കാലടിക്കാരനായ കൃഷിയുടമക്കുണ്ടാവുന്ന ഗതികേടിനെക്കുറിച്ചോര്‍ക്കുന്നതിനിടയില്‍ ആരോ പറഞ്ഞു :“ഇവര്‍ക്കൊന്നും നേരം വെളുത്തില്ലെ!”.
വീണ്ടും വണ്ടി മുന്നോട്ടു നീങ്ങി. മനുഷ്യജീവന്റെ അഭാവം കൊണ്ട് മനോഹരമായ പേരറിയാത്തൊരു ഡാമില്‍ ഞങ്ങളെത്തി. അവിടുത്തെ തികഞ്ഞ നിശബ്ദതയില്‍ ഓരോ നിശ്വാസവും പ്രതിധ്വനികളുണ്ടാക്കി. വഴിയുടെ നടുവില്‍ തമ്പടിച്ചിരുന്ന മയിലിന്‍ പറ്റം ഈ ഡാമിന്റെ പേരും അഡ്രസും അധികം പേര്‍ക്കൊന്നുമറിയില്ലെന്ന് ഞങ്ങളോട് പറഞ്ഞു.
അവിടുന്ന് പുറപ്പെട്ട് കാടിനു നടുവിലൂടെ നിഷ്കളങ്കതയോടെ ഒഴുകുന്ന ഒരരുവിക്കരയിലെത്തി. അവിടെയുണ്ടായിരുന്ന കൊച്ചുവെള്ളച്ചാട്ടില്‍ കുളി പാസാക്കി. വെള്ളച്ചാട്ടത്തിനടുത്ത് സോപ്പുകവറുകള്‍ കൂട്ടിയിട്ടിരിക്കുന്നു. വൃത്തിക്ക് ഏറെയൊന്നും പേരുകേട്ടിട്ടില്ലാത്ത തമിഴ് നാട്ടുകാര്‍ക്ക് ഏത് വെള്ളച്ചാട്ടത്തിലായാലും സോപ്പ് നിര്‍ബന്ധമാണ്?
ഞങ്ങളുടെ അടുത്ത ലക്ഷ്യം തേനി ജലവൈദ്യുത പ്ലാന്റായിരുന്നു. ഞങ്ങള്‍ സഞ്ചരിച്ച മറ്റു സ്ഥലങ്ങളില്‍ കാണാത്ത മനുഷ്യരെന്ന ഘടകം ഉണ്ടാക്കിയ അലോസരം പതിനാലുപേരുടെ മുഖത്തും കാണാമായിരുന്നു. ഞങ്ങള്‍ മണിക്കൂറുകളായി ആസ്വദിച്ചു കൊണ്ടിരുന്ന നിശബ്ദത അവിടെയില്ലായിരുന്നു. അവിടെ അധികം സമയം ചിലവഴിക്കാതെ ലോഡ്ജിലേക്കും അവിടുന്ന് സാധനസാമഗ്രികളെടുത്ത് മൂന്നാര്‍ വഴി കേരളത്തിലേക്കും പുറപ്പെട്ടു. തമിഴ്നാട്ടിലെ വരണ്ട കാലാവസ്ഥയില്‍ നിന്ന് മൂന്നാറിന്റെ കുളിര്‍മയിലേക്ക് ഞങ്ങള്‍ കാലെടുത്തു വച്ചു. കണ്ണെത്താദൂരം പരന്നുകിടന്ന തേയിലത്തോട്ടങ്ങളുടെ നടുവിലൂടെ കേരളത്തിന്റെ ഗന്ധം ആസ്വദിച്ചു കൊണ്ട് ഞങ്ങള്‍ തിരികെ നാട്ടിലേക്ക്....
0 comments: